നെല്ല്

seedwiki സംരംഭത്തിൽ നിന്ന്

ഭൂമദ്ധ്യരേഖയോട് അടുത്തുള്ള ഏഷ്യയിലേയും ആഫ്രിക്കയിലേയും ഭാഗങ്ങളാണ് നെല്ല് പ്രകൃത്യാ കാണപ്പെടുന്ന സ്ഥലങ്ങൾ. മനുഷ്യരാശിയുടെ ഭക്ഷണത്തിന്റെ അഞ്ചിൽ ഒന്ന് കലോറി ലഭിക്കുന്നത് നെല്ല് കുത്തിയ അരിയുടെ ഭക്ഷണത്തിൽ നിന്നാണ്. [1].

ശാസ്ത്രീയ നാമം - ഒറൈസ സറ്റൈവ (ഏഷ്യൻ നെല്ല്). (ശാസ്ത്രീയനാമം: Oryza sativa). കേരളീയരുടെ പ്രധാന ആഹാരമായ ചോറ് നെല്ല് കുത്തിയുണ്ടാക്കുന്ന അരി കൊണ്ടാണ് പാകം ചെയ്യുന്നത്.

നല്ല മഴ ലഭിക്കുന്ന, കുറഞ്ഞ വേതന നിരക്കുള്ള രാജ്യങ്ങളാണ് നെൽകൃഷിക്ക് അനുയോജ്യം - നെൽകൃഷി വളരെയധികം അദ്ധ്വാനം വേണ്ടുന്ന ഒരു കൃഷിയാണ്. മലഞ്ചരിവുകൾ അടക്കമുള്ള മിക്കവാറും എല്ലാ ഭൂപ്രദേശങ്ങളിലും നെല്ല് കൃഷി ചെയ്യാം. തെക്കേ, തെക്കു കിഴക്കേ ഏഷ്യയിലും ആഫ്രിക്കയുടെ മദ്ധ്യഭാഗങ്ങളിലും ആണ് നെല്ലിന്റെ ഉത്ഭവം എങ്കിലും നൂറ്റാണ്ടുകളോളം നടന്ന കച്ചവടവും കയറ്റുമതിയും നെല്ലിനെ പല സംസ്കാരങ്ങളിലും സാധാരണമാക്കി.

തരങ്ങൾ[തിരുത്തുക]

കൃഷി ചെയ്യുന്ന അരി പോക്കേ കുടുംബത്തിലെ രണ്ട് സ്പീഷീസുകളാണ്: ഒറൈസ സറ്റേവയും (ഏഷ്യൻ) ഒറൈസ ഗ്ലാബെറിയേമയും (ആഫ്രിക്കൻ).

അഷ്ടാംഗഹൃദയത്തിലെ സൂത്രസ്ഥാനത്തിൽ പലതരം നെല്ലുകളെ പറ്റി പറയുന്നുണ്ട്.

കേരളത്തിൽ[തിരുത്തുക]

കേരളത്തിൽ കൂടുതലായി ഉത്പാദിപ്പിക്കുന്ന ഒരു ധാന്യവിളയയ നെല്ല സമുദ്രനിരപ്പിൽ നിന്നും താഴെ സ്ഥിതിചെയ്യുന്ന കുട്ടനാട് മുതൽ സ്മുദ്രനിരപ്പിൽ നിന്നും 1000 - 1500 മീറ്റർ ഉയരമുള്ള ഇടുക്കി ജില്ലയിലെ വട്ടവടയിൽ വരെ കൃഷിചെയ്യുന്നു. പ്രതിവർഷം 125 മുതൽ 150 സെന്റീമീറ്റർ വരെ മഴയും 20 ഡിഗ്രി മുതൽ 27 ഡിഗ്രി സെന്റീഗ്രേഡ് വരെ താപനില വരെ ഈ കൃഷിക്ക് അനുജോജ്യമാണ്‌[2].

കൃഷി കാലങ്ങൾ[തിരുത്തുക]

വിരിപ്പ്[തിരുത്തുക]

കേരളത്തിലെ പരമ്പരാഗത നെൽകൃഷിയിലെ മൂന്ന് കൃഷിവേളകളിലൊന്നാണ്‌ വിരിപ്പ്.കാലവർഷം തുടങ്ങുന്നതിനുമുൻപ് മേടമാസത്തിൽ ആരംഭിക്കുന്ന വിരിപ്പ് കൃഷി ചിങ്ങം-കന്നിയോടെ കൊയ്യുന്നു. മറ്റു രണ്ട് കൃഷിവേളകൾ മുണ്ടകനും ആഴം കൂടിയ പാടങ്ങളിൽ ചെയ്യുന്ന പുഞ്ചയുമാണ്‌. ഇരുപ്പൂ പാടങ്ങളിൽ ഒന്നാം വിളയായാണ്‌ വിരിപ്പ് ഇറക്കുന്നത്. വിരിപ്പിനു കൂടുതലും വിതക്കുകയാന്‌ പതിവെങ്കിലും ചിലയിടങ്ങളിൽ ഞാറു പറിച്ചു നടലും പതിവുണ്ട്. വിരിപ്പുകൊയ്ത്തിനെ കന്നിക്കൊയ്ത്ത് എന്നു പറയാറുണ്ട്. ഇക്കാരണത്തല് വിരിപ്പൂകൃഷിയെ കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും പറയുന്നു.

മുണ്ടകൻ[തിരുത്തുക]

രണ്ടാമത്തെ വിളവായി ഇറക്കുന്നതാണ്‌ മുണ്ടകൻ പൂവ്/പൂല്. ചിങ്ങം-കന്നിയോടെ തുടങ്ങി ധനു-മകരത്തോടെ അവസാനിക്കുന്നു. മുണ്ടകൻ കൊയ്ത്ത്, മകരക്കൊയ്ത്ത് എന്നാണ്‌ മുണ്ടകൻ അറിയപ്പെടുന്നത്. വിരിപ്പൂകൃഷിയേക്കാൾ ഒരുപാട് ശ്രദ്ധയോടെയും പരിഗണനയോടെയും ചെയ്യുന്ന കൃഷിയാണ്‌ മുണ്ടകൻ. വിതക്കുന്നതിനേക്കാൾ കൂടുതൽ വിളവ് പറിച്ചു നടുമ്പോൾ ലഭിക്കുമെന്നതിനാൽ മുണ്ടകനാണ് വിരിപ്പിനെ അപേക്ഷിച്ച് കൂടുതൽ വിളവ് ലഭിക്കുന്നത്.

പുഞ്ച[തിരുത്തുക]

ആഴം കൂടിയ കുണ്ടുപാടങ്ങളിലും കായൽനിലങ്ങളില്ലുമാണ് പുഞ്ചകൃഷിചെയ്യുന്നത്. വെള്ളത്തിൻറെ നിലയനുസരിച്ച് വൃശ്ചികമാസത്തിലോ ധനുവിലോ മകരത്തിലോ പുഞ്ചകൃഷി ആരംഭിക്ക്കുന്നു. പുഞ്ച കൃഷി ചെയ്യുന്ന കുണ്ടുപാടങ്ങളിലും കായൽ നിലങ്ങളിലും ജൈവാംശത്തിന്റെ അളവ് കൂടുതലായതിനാൽ പുഞ്ചക്ക് വിളവ് കൂടുതലയിരിക്കും. കേരളത്തിലെ കുട്ടനാടൻ പ്രദേശങ്ങൾ പുഞ്ചകൃഷിക്ക് പേരുകേട്ടതാണ്.

കൃഷിരീതി[തിരുത്തുക]

വളർച്ചയുടെ സമയത്ത് ധാരാളം വെള്ളം ആവശ്യമുള്ള ഒരു ചെടിയാണ് നെൽച്ചെടി. കേരളത്തിൽ മഴ ധാരാളം കിട്ടുകയും പെയ്യുന്ന മഴവെള്ളം പാടങ്ങളിൽത്തന്നെ കെട്ടിനിർത്തി ഉപയോഗിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥലങ്ങളിൽ "വിരപ്പ്", "മുണ്ടകൻ", "പുഞ്ച" എന്നിങ്ങനെ കൃഷിചെയ്യുന്ന കാലയളവ് അനുസരിച്ച് പൊതുവേ മൂന്ന് തരം കൃഷി സമ്പ്രദായങ്ങൾ ആണ് അവലംബിച്ചുവരുന്നത്. ഇവക്കെല്ലാം സമയാസമയങ്ങളിൽ വേണ്ടത്ര ജലലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ട്. കൊല്ലത്തിൽ കൂടുതൽകാലം വെള്ളം കെട്ടിക്കിടക്കുന്ന കുട്ടനാടൻ നിലങ്ങൾ, തൃശ്ശൂരിലെ കോൾപ്പാടങ്ങൾ എന്നിവിടങ്ങളിലെ കൃഷിരീതികൾ മേല്പറഞ്ഞവയിൽ നിന്നു വ്യത്യസ്തമാണ്. നേരിട്ട് വിത്തു വിതച്ച് വിളവാകുമ്പോൾ കൊയ്തെടുക്കുന്ന രീതിയും, നേരത്തെ തയ്യാറാക്കുന്ന ഞാറ് (ഇരുപത് - ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെൽച്ചെടികൾ) കാലിവളവും പച്ചിലവളവും ധാരാളം ചേർത്ത് വെള്ളം കയറ്റിനിർത്തി പൂട്ടിയൊരുക്കിയ വയലുകളിലേക്ക് പറിച്ചുനട്ട് വളർത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്. രണ്ട് രീതികളിലും നിലത്തിന്റെ നിരപ്പ് ഒരുപോലെയാക്കി നിർത്തി എല്ലാ സ്ഥലത്തും ഒരേയളവിൽ വെള്ളം കിട്ടുമെന്നുറപ്പാക്കേണ്ടതുണ്ട്. നിലം തയ്യാറാക്കാൻ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകളും ആധുനികയന്ത്രങ്ങളായ ട്രാക്ടറുകളും ഉപയോഗിക്കുന്നു. നെൽച്ചെടികളോടൊപ്പം വളർന്നുപൊങ്ങുന്ന കളകളെ വളരെ നേരത്തെ തന്നെ പറിച്ചുമാറ്റുന്നതും ശ്രമകരമായ ഒരു ജോലിയാണ്. വളർച്ചയുടെ വിവിധഘട്ടങ്ങളിൽ വിവിധ രാസവളങ്ങളും നെൽച്ചെടികൾക്കു നൽകാറുണ്ട്. കീടങ്ങളും കിളികളും കരണ്ടുതീനികളുമടക്കം ഒരു വലിയ നിര ജന്തുക്കൾ നെൽച്ചെടികളുടെ വളർച്ചയെ വിവിധദശകളിൽ ബാധിക്കാറുണ്ട്. വിളഞ്ഞ നെൽക്കതിരുകൾ കൊയ്തെടുത്ത് കറ്റകളാക്കി കെട്ടി മെതിസ്ഥലങ്ങളിലെത്തിക്കുന്നു. അവിടെവച്ച് കറ്റകൾ മെതിച്ച് നെല്ല് വേർതിരിച്ചെടുക്കുന്നു. ഈ ജോലികൾ ധാരാളം മനുഷ്യാധ്വാനം വേണ്ടിവരുന്നവയാണ്. ഈ രംഗങ്ങളിലും ഇപ്പോൾ യന്ത്രങ്ങൾ എത്താൻ തുടങ്ങിയിട്ടുണ്ട്. ബാക്കി വരുന്ന വൈക്കോൽ ഒരു നല്ല കാലിത്തീറ്റയാണ്. ഇത് ഉണക്കി വർഷം മുഴുവൻ ലഭ്യമാകുന്ന രീതിയിൽ സൂക്ഷിച്ചുവക്കുന്നു. വൈക്കോൽ പുര മേയുവാനും ഉപയോഗിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

 • കേരളത്തിലെ പ്രധാന രണ്ട് നെല്ല് ഗവേഷണകേന്ദ്രങ്ങൾ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലും സ്ഥിതിചെയ്യുന്നു.
 • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് പാലക്കാട് ജില്ലയിലാണ്.
 • കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്നത് പാലക്കാട്‌ ജില്ലയാണ് [അവലംബം ആവശ്യമാണ്].
 • പശ്ചിമബംഗാൾ സംസ്ഥാനമാണ് ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത്.
 • ആന്ധ്രാപ്രദേശ് സംസ്ഥാനമാണ് ദക്ഷിണ ഇൻഡ്യയിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത്.
 • കേന്ദ്ര നെല്ല് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് ഒറീസ്സയിലെ കട്ടക്കിലാണ്.
 • ലോകത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന.
 • ലോക നെല്ല് ഗവേഷണകേന്ദ്രം സ്ഥിചെയ്യുന്നത് ഫിലിപ്പൈൻസിലെ മനിലയിലാണ്.
 • കേരളത്തിലെ അത്യുല്പാദനശേഷിയുള്ള നെല്ലിനങ്ങൾ :ജയ, ഭാരതി, ജ്യോതി, ശബരി, അന്നപൂർണ്ണ, ത്രിവേണി, അശ്വതി, പൊന്നാര്യൻ, കാർത്തിക, ഐ. ആർ. 8.

കണ്ണികൾ[തിരുത്തുക]

കാർഷിക കേരളം എന്ന സർക്കാർ വെബ്സൈറ്റിൽ നെല്ലിനെക്കുറിച്ച്

അവലംബം[തിരുത്തുക]

 1. Smith, Bruce D. The Emergence of Agriculture. Scientific American Library, A Division of HPHLP, New York, 1998.
 2. ആർ.സി. സുരേഷ്കുമാർ. കേരളം -ചരിത്രവും വസ്തുതകളും (2009). മാതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട്. പുറം 57.
"http://www.seedwiki.org/malayalamwiki/index.php?title=നെല്ല്&oldid=561" എന്ന താളിൽനിന്നു ശേഖരിച്ചത്