മുളക്

seedwiki സംരംഭത്തിൽ നിന്ന്
11:58, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojk (സംവാദം | സംഭാവനകൾ)

ചരിത്രം

പുരാതന കാലം മുതൽ കേരളത്തിൽ മുളകിൻറെ ഉൽപാദനവും ഉപയോഗവും വ്യാപകമാണ്. മലബാറിലെ എല്ലാ കുടുംബങ്ങളിലും പാചകത്തിനായി മുളക് ഉപയോഗിച്ചിരുന്നു. വിപണിയിൽനിന്ന് മുളക് വാങ്ങുന്ന ശീലം ഇല്ലായിരുന്നു. ഓരോ കുടുംബത്തിനും ആവശ്യമുള്ള മുളക് അവരവർ തന്നെ ഉൽപാദിപ്പിക്കുകയായിരുന്നു പതിവ്. കൂടാതെ കർഷകർ തമ്മിൽ അതികമുള്ളവയും പ്രത്യേക ഇനങ്ങളും കൈമാറുകയും ചെയ്തിരുന്നു.

വൈവിധ്യം

ഉണ്ടക്കാന്താരി, ഉണ്ടമക്കൻകാന്താരി, കുള്ളൻകാന്താരി, ചുള്ളൻ കാന്താരി, ചുരുളൻകാന്താരി, ജീരകക്കാന്താരി, ഉരുളൻ വെള്ളക്കാന്താരി, തോട്ടക്കാന്താരി, ആനക്കാന്താരി, രക്തക്കാന്താരി, മണിക്കാന്താരി, വൈലറ്റ് കാന്താരി, മത്തങ്ങക്കാന്താരി, അരിമണിയൻ കാന്താരി, എറിയൻ കാന്താരി, ആനചുള്ളൻ കാന്താരി, ചെറിക്കാന്താരി, വരയൻ കാന്താരി, വാലൻ വെള്ളക്കാന്താരി, പൊള്ളൻ കാന്താരി, മാന്ത്രികക്കാന്താരി, പാൽമുളക്, വാഴചുണ്ടൻ(കുടപ്പൻ)കാന്താരി, കുഞ്ഞുണ്ണിക്കാന്താരി എന്നിവയാണ് ഈ പ്രദേശങ്ങളിലുള്ള കാന്താരിയിനത്തിൽപ്പെട്ട മുളകുകൾ. കൂടാതെ കൊമ്പൻ മുളക് ഇനത്തിൽ നാടൻ കൊമ്പൻ മുളക്, വയനാടൻ കൊമ്പൻ മുളക്, കാശ്മീരി കൊമ്പൻ എന്നീ ഇനങ്ങളും വ്യാപകമായി കൃഷി ചെയ്തുവരുന്നു.

ഉപയോഗം

പാചകത്തിനും ഭക്ഷ്യാവശ്യത്തിനുമായിട്ടാണ് കാന്താരി മുളകും കൊമ്പൻമുളകും ഉപയോഗിക്കുന്നത്. പുരാതന കാലങ്ങളിൽ നാട്ടുമരുന്നുണ്ടാക്കുന്നതിനും ഗർഭം അലസിപ്പിക്കുന്നതിനും ചിലയിനം കാന്താരി മുളകുകൾ ഉപയോഗിച്ചിരുന്നു. അച്ചാറുണ്ടാക്കുന്നതിനും ഉപ്പുമാങ്ങ തയ്യാറാക്കുന്നതിനും ചമ്മന്തിക്കും കാന്താരിമുളക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എല്ലായിനം കറികൾക്കും കൊമ്പൻ മുളക് ഉപയോഗിക്കുന്നു. സാമ്പാറിനായി പ്രത്യേകം സാമ്പാർമുളക് തന്നെ ഉപയോഗിക്കുന്ന രീതിയുമുണ്ട്. പഴുത്ത കൊമ്പൻമുളക് ഉണക്കിയെടുക്കുന്നതാണ് വത്തൽമുളക്. വത്തൽ മുളകുപൊടി കേരളത്തിലുപയോഗിക്കുന്ന കറിക്കൂട്ടുകളിൽ ചേർക്കുന്ന ഒരു പ്രധാന ഘടകമാണ്.

നടീൽ / പരിചരണം / വിളവെടുക്കൽ

ഇടതൂർന്ന മഴയില്ലാത്തപ്പോൾ വർഷത്തിൽ ഏതുസമയത്തും കൃഷി ചെയ്യാവുന്നതാണ്. മുളകിൻറെ അരി പാകിമുളപ്പിച്ച് ഉണ്ടാകുന്ന തൈകൾ പറിച്ച് നട്ടാണ് മുളക് കൃഷി ചെയ്യുന്നത്. എല്ലാ വീടുകളുടേയും അടുക്കളത്തോട്ടത്തിലെ അവിഭാജ്യ ഇനമാണ് മുളക്ചെടി. ഇഞ്ചികൃഷിയോടൊപ്പം കൊമ്പൻമുളക് കൃഷിയും ഈ പ്രദേശങ്ങളിൽ വ്യാപകമായിരുന്നു. മൂപ്പെത്തിയ മുളക് പറിച്ചെടുത്താണ് ഭക്ഷ്യാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. ചാണകപ്പൊടിയും ചാരവും ഇട്ടുകൊടുത്താൽ മുളക്ചെടിയിൽ നിന്നും മെച്ചപ്പെട്ട വിളവ് ലഭിക്കുന്നു.

വ്യാപനം

വാണിജ്യാടിസ്ഥാനത്തിലുള്ള മുളകുകൃഷി കേരളത്തിലെ വടക്കൻ ജില്ലകളിൽ ഇന്ന് അത്രകണ്ട് വ്യാപകമല്ല. പാചകത്തിനാവശ്യമായ കൊമ്പൻമുളകിനങ്ങൾ വിപണിയിൽ നിന്നാണ് കർഷകർ വാങ്ങുന്നത്. എന്നാൽ വിവിധയിനം കാന്താരിമുളകുകൾ ഇപ്പോഴും അടുക്കളത്തോട്ടങ്ങളിൽ കർഷകർ സംരക്ഷിച്ചുപോരുന്നു.

സംരക്ഷണം

പ്രത്യേഗ സംരക്ഷണ ഇടപെടലുകൾ ഇല്ലാതെതന്നെ വിവിധയിനം കാന്താരിമുളകുകൾ നിലനിന്നുപോരുന്നു. വിത്തുകൾ ഉണക്കി ചാണകത്തിൽ പോതിഞ്ഞ് സൂക്ഷക്കുന്ന രീതിയാണ് പൊതുവെ പ്രചാരത്തിലുള്ളത്.

കൈമാറ്റം / വിപണനം

കൊമ്പൻമുളകിനും വത്തൽമുളകിനും വിപണി സജീവമാണ്. പച്ചക്കാന്താരിമുളക് ഔഷധാവശ്യങ്ങൾക്കായി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. എന്നാൽ വണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം വ്യാപകമല്ല.

സ്ത്രീകളുടെ പങ്ക്

പരമ്പരാഗതമായി നിലമൊരുക്കുന്നതിലും നടുന്നതിലും വിളവെടുക്കുന്നതിലും വിത്ത് സംരക്ഷിക്കുന്നതിലും സ്ത്രീകളാണ് മുൻപന്തിയിൽ.

വെല്ലുവിളി

കൊമ്പൻമുളകിന് ഏതാണ്ട് പൂർണ്ണമായും വിപണിയെ ആശ്രയിക്കേണ്ടിവരുന്നു.

"http://www.seedwiki.org/malayalamwiki/index.php?title=മുളക്&oldid=506" എന്ന താളിൽനിന്നു ശേഖരിച്ചത്